Thursday, December 27, 2007

മുല്ലപ്പെരിയാറിലേയ്ക്കൊരു യാത്ര - 16

സുഹൃത്തുക്കളെ, ഇനിയല്‍പ്പം ശബ്ദമുണ്ടാക്കാതെ നടക്കണെ, കാട്ടാനയേയും കാട്ടുപോത്തിനേയും മാത്രമല്ല ഇനി നമുക്ക് ഡാമിലെ തമിഴ്നാടു സുഹൃത്തുക്കളേയും സൂക്ഷിക്കണം, അവരറിയാതെ നമുക്കു ചില എക്സ്ക്ലൂസ്സീവ് ദൃശ്യങ്ങള്‍ കാണാം, റെഡ്യല്ലേ !


ഡാമിനു പിന്‍ വശമാണിത്, ഒരു ചെറിയ വാതില്‍ കണ്ടില്ലേ, ഡാമിന്റെ ഉള്‍വശത്തേയ്ക്കുള്ള വഴിയാണത്, ഗ്യാലറിയിലേയ്ക്ക്..
ഗ്യാലറിയിലേയ്ക്കുള്ള ഗെയിറ്റ്, മലയാളീസിന്റെ മുന്നില്‍ ഇതെപ്പോഴും അടഞ്ഞുതന്നെയിരിക്കും, അവരുടെ നിലപാടിന്റെ പ്രതീകമായി.. ഡോണ്ട് വറി, നമുക്കു കള്ളത്താക്കോലിടാം, അല്ല പിന്നെ...ഇതാണു ഗ്യാലറി, വലതു വശത്തെ ഭിത്തിയാണു ജലസംഭരണിയോടു ചേര്‍ന്നു നില്‍ക്കുന്നത്, അധികസമയം ഇതിനകത്തു നില്‍ക്കാന്‍ പറ്റില്ല, ഓക്സിജന്‍ കുറവായതിനാല്‍ ബോധക്ഷയം വരെ സംഭവിക്കാം.ഇതു കണ്ടോ നല്ല സുന്ദരനൊരു വിള്ളല്‍, ഇത് എയര്‍ ഹോളും മറ്റുമൊന്നുമല്ല, അണക്കെട്ടിന്റെ രണ്ടു പാളികള്‍ ചേര്‍ത്തു വെച്ചിടത്ത്, കാലപ്പഴക്കത്താല്‍ രൂപപ്പെട്ട വിള്ളലാണ്, ഇതു കാണിച്ച് ഡാമിനു ബലക്ഷയമുണ്ടെന്നു പറഞ്ഞാല്‍, അതിക്രമിച്ചു കയറിയതിനു നമ്മളെ പിടിച്ചകത്തിടും എന്നല്ലാതെ ഒരു കാര്യവുമില്ല.ഇത്തരം വിള്ളലുകളിലൂടെയും എയര്‍ ഹോളിലൂടേയും വരുന്ന ജലം ( സീപേജ് വാട്ടര്‍) അളക്കുന്നതിവിടേയാണ്, ആ കണക്കിന്റെ അടിസ്ഥാനത്തിലാണ് ഡാമിന്റെ ബലക്ഷയം കണക്കാക്കുന്നത്,
യഥാര്‍ത്ഥ അളവെന്താണെന്നു അവന്മാര്‍ക്കുമാത്രമേ അറിയുള്ളൂ, മലയാളീസിനെ അങ്ങോട്ടടുപ്പിക്കാത്തിടത്തോളം കാലം അവര്‍ തരുന്ന കണക്കു വിശ്വസിക്കാനെ തരമുള്ളൂ.
-യാത്ര തുടരുന്നു...

Sunday, December 23, 2007

മുല്ലപ്പെരിയാറിലേയ്ക്കൊരു യാത്ര - 15

അണക്കെട്ടിന്റെ സ്കെച്ചാണിത്, നമ്മളിപ്പോള്‍ മെയിന്‍ ഡാമിന്റെ മുകളിലാണ്, ഇനി ഒരു മണ്‍തിട്ട, സാന്‍ഡ് ഡാമെന്നറിയപ്പെടുന്നു, ശേഷം ബേബി ഡാം, ചെറിയ ഒരു ഡാം - നിയമവിരുദ്ധമായി നിര്‍മ്മിച്ചതാണെന്ന് പറയപ്പെടുന്നു.

ഇതാണ് സാന്‍ഡ് ഡാമിനു മുകള്‍ വശം, ഇതിലൂടെ നടന്ന് ബേബി ഡാമില്‍ കയറാം, അട്ട എപ്പൊ കടിച്ചൂന്ന് ചോദിച്ചാല്‍ മതി !


ഇതാണ് ബേബി ഡാമിനു മുകള്‍ വശം, ബലക്ഷയത്തിനു കുപ്രസിദ്ധിയാര്‍ജ്ജിച്ചത്, ഒരു കയ്യാലയുടെ ബലമേ ഉള്ളൂവെന്ന് വിദഗ്ധര്‍ അടക്കം പറയുന്നു. ഇതിന് ഏതാനും അടി താഴെ നല്ല രീതിയില്‍ ചതുപ്പുണ്ട്, അണക്കെട്ടിനടിയിലൂടെയുള്ള ചോര്‍ച്ചകൊണ്ടാണതെന്നു പറയപ്പെടുന്നു.

ബേബി ഡാമിന്റെ മുന്‍ വശം, ഇങ്ങനെ കാണാന്‍ സാന്‍ഡ് ഡാമിനടുത്തൂടെ താഴേയ്ക്കിറങ്ങണം, കുഴപ്പമെന്താണെന്നു വെച്ചാല്‍ ഇതു ആനത്താരിയാണ്, മീന്‍സ് ആനകളുടെ ഫുട്പാത്, ഈ വഴിയ്ക്ക് മനുഷ്യര്‍ വന്നാല്‍ ചിലപ്പൊള്‍ തട്ടു കിട്ടിയെന്നും വരാം, ചിലപ്പോള്‍ നമ്മള്‍ തിരിച്ചിറങ്ങുമ്പോഴാകും അവര്‍ പിന്നാലെ വന്ന് ആക്രമിക്കുക.
എന്റമ്മോ , ദാണ്ടേ പിന്നാലെ വന്നിരിക്കുന്നു !, ഓടിക്കോ , ഒറ്റയാനാ , പടം പിന്നെയെടുക്കാം , അല്ലേ നമ്മള്‍ പടമാകും !


-യാത്ര തുടരുന്നു...

Saturday, December 15, 2007

മുല്ലപ്പെരിയാറിലേയ്ക്കൊരു യാത്ര - 14

എന്നാ പിന്നെ നടന്നു തുടങ്ങാം, ല്ലേ ?, ഈ പ്രദേശത്ത് നന്നായി കോടയുണ്ട്, നോക്കിയിരിക്കേ മഞ്ഞുവന്നു കാഴച്ച മറയ്ക്കും

ഡാമിനു മുകളില്‍ കാണുന്ന ഒരു സംഭവമാണിത്, 1979 -ല്‍ ഡാമിനു ബലക്ഷയമുണ്ടെന്ന് വിദഗ്ദ കണ്ടെത്തലിനെ തുടര്‍ന്ന് പുതിയ ഒരണക്കെട്ട് നിര്‍മ്മിക്കാനുള്ള പ്രാരംഭ നടപടികള്‍ തുടങ്ങിയതായിരുന്നു, എന്നാല്‍ പിന്നീട് തമിഴ്നാടതില്‍ നിന്നു പിന്നോട്ട് പോകുകയും ഡാം ബലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു, അതിനായ് ടണ്‍ കണക്കിനു സിമന്റ് ഉപയോഗിക്കുകയും പോരാഞ്ഞു ഡാമില്‍ കമ്പികള്‍ ഇറക്കുകയും ചെയ്തു ( കേബിള്‍ ആങ്കറിങ്), അത്തരത്തില്‍ ഇറക്കിയ കമ്പികളില്‍ ചിലതാണിവ, ഇപ്പോള്‍ ഡാമിന്റെ 40 % സിമന്റാണ്, അതിലാണ് ഡാം നില നില്‍ക്കുന്നത്.

പെരിയാര്‍ ജലാശയത്തിന്റെ ഡാമിനു മുകളില്‍ നിന്നുമുള്ള ദൃശ്യം, സന്ധ്യാസമയത്ത് ഈ ജലാശയം കാണുന്നത് ഒരനുഭവം തന്നെയാണ്.ഡാമിന്റെ മറുവശത്തുകാണുന്നത് കാടാണ്, പെരിയാര്‍ ടൈഗര്‍ റിസര്‍വ്വ്, ഡാമിലൂടെ വരുന്ന സീപേജ് വെള്ളം (ഒരു തരം ചോര്‍ച്ച തന്നെ) ഇവിടുത്തെ വന്യജീവികളുടെ കുടിവെള്ളം കൂടിയാണ്.


നോക്കൂ, ഡാമിനു തൊട്ടു താഴെ സീപേജ് വെള്ളത്തില്‍ നീരാടാന്‍ എത്തിയ കാട്ടുപോത്തിന്‍ കൂട്ടത്തെ കണ്ടോ !

Thursday, December 13, 2007

മുല്ലപ്പെരിയാറിലേയ്ക്കൊരു യാത്ര - 13

പടം എടുക്കേണ്ടവര്‍ സെക്യൂരിറ്റികള്‍ കാണുന്നതിനു മുന്‍പ് വേഗം എടുത്തോളൂ, മൊബൈലിലെങ്കില്‍ മൊബൈലില്‍

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ മുകള്‍ ദൃശ്യം


അണക്കെട്ടിന്റെ പിന്‍ വശം, ആനകളും കാട്ടുപോത്തുകളും ഇവിടെ ലാവിഷായി ഉണ്ട്ഇനി അണക്കെട്ടിന്റെ മുകളിലൂടെ ഒന്നു നടക്കാം

.......യാത്ര തുടരുന്നു


Monday, December 3, 2007

മുല്ലപ്പെരിയാറിലേയ്ക്കൊരു യാത്ര - 12

ഇതാണു ഡാമിന്റെ മുഖം, നിര്‍മ്മാണത്തില്‍ പങ്കെടുത്ത എല്ലാ ബ്രിട്ടിഷ് ഉദ്യോഗസ്ഥരുടേയും പേരുകള്‍ ഇതില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഡാമിനു എപ്പോഴും പോലിസ് കാവലുണ്ടാകും, കേരളപോലീസിനാണു ഡ്യൂട്ടി, അതുകൊണ്ട് എല്ലാ വാര്‍ത്തകളും കേരളത്തിനു കിട്ടും, അതൊഴിവാക്കാന്‍ കെ.പി. യെ ഒഴിവാക്കി കേന്ദ്ര ഏജന്‍സിയേയോ മറ്റോ ഏല്‍പ്പിക്കാന്‍ തമിഴര്‍ കുറേ ശ്രമിച്ചതാ, നടന്നില്ല, ഇങ്ങോട്ടേയ്ക്കു ഡ്യൂട്ടി കിട്ടുന്നത് മുജ്ജന്മത്തിലെ കര്‍മ്മദോശം കൊണ്ടാണെന്നു പോലീസന്മാര്‍ അടക്കം പറയുന്നു.
ഡാമിന്റെ തറക്കല്ല്, 1895 ല്‍ സ്ഥാപിച്ചത് !


Sunday, December 2, 2007

മുല്ലപ്പ്പെരിയാറിലേയ്ക്കൊരു യാത്ര - 11


ഡാമിലേയ്യ്ക്കു കയറിച്ചെല്ലുമ്പോള്‍ ആദ്യം കാണുന്ന കാഴ്ച്ച, ഈ മൂപ്പരെ പേരാണു ‘ജെ. ബെന്നി ക്വിക്ക്’, ബ്രിട്ടീഷുകാരുടെ മദ്രാസ് ഗവണ്മെന്റിനു കീഴില്‍ ജോലിചെയ്തീരുന്ന ഈ എഞ്ചിനീയര്‍ തമിഴ്നാട്ടിലെ ചില ജില്ല കളിലെ രൂക്ഷമായ ജലക്ഷാമത്തിനു പരിഹാരം കാണാന്‍ ശ്രമിക്കുകയും ഈ അണക്കെട്ടിന്റെ സാധ്യത കണ്ടെത്തുകയും ചെയ്തു, ‍ഈ ഡാമിന്റെ നിര്‍മ്മാണചുമതലയും അദ്ദേഹത്തിനായിരുന്നു എന്നും പറയപ്പെടുന്നു, ഇക്കാലത്തു പോലും എത്തിപ്പെടാന്‍ ബുദ്ധിമുട്ടുള്ള, ഘോരവനത്തിനകത്തു സ്ഥിതി ചെയ്യുന്ന, ഈയിടത്തില്‍ 100 വര്‍ഷങ്ങള്‍ക്കു മുമ്പിവര്‍ പെരിയാറിനു അണകെട്ടാന്‍ ആരംഭിച്ചു !, എന്നാല്‍ വ്യാപകമായ മനുഷ്യ / സ്വത്തുനാശത്തിലായിരുന്നു അതു കലാശിച്ചത്, തുടര്‍ന്ന് ബ്രിട്ടിഷ് സര്‍ക്കാര്‍ ആ നിര്‍മ്മാണത്തില്‍ നിന്നു പിന്തിരിഞ്ഞു, എന്നാല്‍ ശ്രീമാന്‍ ബെന്നിക്വിക്ക് പിന്തിരിഞ്ഞില്ല, ഇംഗ്ലണ്ടില്‍ അദ്ദേഹത്തിനുണ്ടായിരുന്ന മുഴുവന്‍ ആസ്തികളും വിറ്റ് അദ്ദേഹം ഡാമിന്റെ അണക്കെട്ട് സ്വന്തം ഉത്തരവാദിത്വത്തില്‍ ആരംഭിച്ചു, അതിന്റെ കണക്കറിഞ്ഞ ലോകവിവരമുള്ള എന്റെ ചില സുഹൃത്തുക്കള്‍ പറഞ്ഞത് ആ തുക ഇന്നും ഇമ്മിണി വെല്യ ഒന്നാണെന്നാണ്, പൊതുനിര്‍മ്മാണങ്ങളില്‍ വെട്ടിപ്പു നടത്തി സ്വന്തം ആസ്തികൂട്ടുന്ന ഇന്നിന്റെ നേതാക്കള്‍ക്കു സ്വന്തം സ്വത്തുവകകള്‍ വിറ്റ് അന്യദേശത്തെ ജനങ്ങള്‍ക്കുവേണ്ടി റിസ്കെടുത്ത ആ വിദേശി ഒരു മണ്ടനായിരിക്കാം, എന്തായാലും അദ്ദേഹത്തിന്റെ ഇച്ഛാ ശക്തിക്കുമുന്‍പില്‍ പെരിയാറും കടുവകളും കട്ടാനകളും തോറ്റു, ഡാമുയര്‍ന്നു, അന്നത്തെ സാങ്കേതിക വിദ്യയില്‍ ചുണ്ണാമ്പും ശര്‍ക്കരയും ചേര്‍ന്ന ഒരു മിശ്രിതമായിരുന്നു നിര്‍മ്മാണത്തിനുപയോഗിച്ചിരുന്നത്, അതു സൂക്ഷിച്ചിരുന്ന അറകളും നിര്‍മ്മാണത്തിനിടയില്‍ മരണപ്പെട്ട / കൊല്ലപ്പെട്ട തൊഴിലാളികളുടെ ശവകുടീരങ്ങളും ഇപ്പോഴും അവിടെയുണ്ടു- കാട്ടിനുള്ളില്‍ - കാട്ടാനകളുടെ വികൃതികള്‍ അതിജീവിച്ച്, വിഷപ്പാമ്പുകളുടെ യുണൈറ്റഡ് സ്റ്റേറ്റ്സ് ആയി, പുതുമുറയിലെ മടിയന്മാരെ പരിഹസിച്ച്, ഇപ്പോഴും അവ തലയുയര്‍ത്തി നില്‍ക്കുന്നു.
വീജയകരമായി പണിപൂര്‍ത്തിയാക്കിയപ്പോള്‍ ബി.ക്വിക്കിന്റെ നിര്‍മ്മാണത്തെ പ്രകീര്‍ത്തിച്ച് ബ്രിട്ടീഷ് ഗവണ്മെന്റ് അദ്ദേഹത്തിനു ചിലവായതെല്ലാം തിരിച്ചുകൊടുക്കുകയും ചെയ്തു, അദ്ദേഹത്തിന്റെ ആ റിസ്കെടുക്കലിന്റെ മഹത്ത്വം തിരിച്ചറിയണമെങ്കില്‍ കുമിളിയില്‍ നിന്ന് ലോവര്‍ ക്യാമ്പ് വഴി തമിഴ്നാട്ടിലേയ്ക്കു പോകണം, അഞ്ചു ജില്ലകള്‍, തൊഴില്‍ കൃഷി മാത്രം, വഴിനീളെ നിരന്നു നില്‍ക്കുന്ന പഴം പച്ചക്കറി തോട്ടങ്ങള്‍, ഇതിനെല്ലാം കാരണം ഈ ജലം മാത്രം, അതിനാ‍ല്‍ ബെന്നിക്വിക്ക് അവര്‍ക്കു ദൈവമാണ്, ഒരു മനുഷ്യന്റെ പ്രവൃത്തി നൂറുവര്‍ഷമായി അഞ്ചു ജില്ലകളില്‍ പരന്നു കിടക്കുന്ന ജനങ്ങളുടെ ജീവന്‍ നിലനിര്‍ത്തുന്നു, ഒരു മനുഷ്യ ജന്മം കൊണ്ടു അതില്‍ കൂടുതലെന്തു നേടാന്‍ !

Wednesday, November 28, 2007

മുല്ലപെരിയാറിലേയ്ക്കൊരു യാത്ര - 10

ഒടുക്കം, നീണ്ട കാത്തിരിപ്പിനു ശേഷം അനുമതി ലഭിച്ചിരിക്കുന്നു, ഇനി സമയം കളയാനില്ല, ഡാമിനു മുകളിലേയ്ക്ക്,

Saturday, November 17, 2007

മുല്ലപ്പെരിയാറിലേയ്ക്കൊരു യാത്ര - 9

ദേ, ഒടുക്കം നമ്മല്‍ അണക്കെട്ടിന്റെ നേരെ മുന്നിലെത്തിയിരിക്കുകയാണ്, പടമെടുക്കേണ്ടവര്‍ക്കെടുക്കാം, ഇനിയീ അവസരം കിട്ടിയെന്നു വരില്ല,

ദാണ്ടെ ബോട്ടിന്റെ ഓളംസ് പണി പറ്റിച്ചു


ഇങ്ങനെ ദൂരേന്ന് കണ്ടാ മതിയോ ? നമുക്കൊന്ന് ഡാമില്‍ കയറി കാണണ്ടെ ? പക്ഷെ അതിനു പെര്‍മിഷന്‍ വേണം, ങ്ഹാ ‘ഞാന്‍ തിരുവനതപുരത്തോട്ടൊന്നു വിളിച്ചു നോക്കട്ടേ !’
....യാത്ര തുടരുന്നു


മുല്ലപ്പെരിയാറിലേയ്ക്കൊരു യാത്ര - 8

ബോട്ട് മുന്നോട്ടു നീങ്ങുമ്പോള്‍ കാണുന്നതിങ്ങനെയാണ്, ഇടതുവശത്തു കാണുന്നതാണ് മെയിന്‍ ഡാം, അതിനും സ്പില്‍ വേയ്ക്കും ഇടയ്ക്കുള്ള ആ തുരുത്തിലാണ് ഡാമിലെ ഉദ്യോഗസ്ഥര്‍ താമസിക്കുന്നത്.


ഇതാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട്, വ്യക്തമാകുന്നില്ല, അല്ലേ ?, നമുക്കു ബോട്ട് അല്പം കൂടി അടുപ്പിക്കാം !
....യാത്ര തുടരുന്നു

Thursday, November 15, 2007

മുല്ലപെരിയാറിലേയ്ക്കൊരു യാത്ര - 7

സോ, നമ്മള്‍ ഡാമിന്റെ അടുത്തെത്തി, ആദ്യമായി കാഴ്ച്ചയില്‍ വരുന്ന ആ ഭാഗത്തിന്റെ പേര് ‘സ്പില്‍ വേ’ എന്നാണ്, അണക്കെട്ടിലെ ജലനിരപ്പ് 136 അടി കവിഞ്ഞാല്‍ ജലം തുറന്നു വെച്ചിരിക്കുന്ന ഈ സ്പില്‍ വേ യിലൂടെ അപ്പുറത്തേക്കൊഴുകി, പെരിയാര്‍ റിസര്‍വിനകത്തുള്ള ജലപാതയിലൂടെ ഇടുക്കി ജലാശയത്തില്‍ വന്നു ചേരും, സ്പില്‍ വേയ്ക്ക് മൊത്തം 13 ഷട്ടര്‍ ഉണ്ട്, ഇതെപ്പോഴും തുറന്നു വെച്ച സ്ഥിതിയിലായിരിക്കും, ഇതിലൂടെ ജലം കേരളത്തിലേയ്ക്കൊഴുകാതിരിക്കാന്‍ അവന്മാര്‍ പാറക്കല്ലുകളും മണ്ണും സ്പില്‍ വേയ്ക്കു മുന്നില്‍ കൂട്ടിയിട്ടിട്ടുണ്ട് (അതിന്റെ പടം പിറകേ), എന്നാല്‍ 136 അടിയായാല്‍ അതിനുകുകളിലൂടെ ജലമൊഴുകാന്‍ തുടങ്ങും.
അണക്കെട്ടിന്റെ മുഖം ഇതല്ലകെട്ടോ !, നമുക്കങ്ങോട്ടു നീങ്ങാം, ബോട്ടുപോട്ടേയ്....
........യാത്ര തുടരുന്നു

Wednesday, November 14, 2007

മുല്ലപ്പെരിയാറിലേയ്ക്കൊരു യാത്ര - 6

ദേ, ആ കാണുന്നതാണു തേക്കടിയിലെ ആനകൂട്ടങ്ങളില്‍ ഒന്ന്, ആനകള്‍ ഈ തീരങ്ങളില്‍ വരുന്നത് വെള്ളം കുടിക്കാന്‍ മാത്രമല്ലത്രെ, കുടിവെള്ളം കാടിനകത്തും ഉണ്ട്, ബട്ടെ ഈ തീരങ്ങളിലുള്ള വിശേഷപ്പെട്ട പുല്ല് തേടിയാണത്രെ അവര്‍ വരുന്നത്, ഏതു സീസണിലും തേക്കടിയിലെ തീരങ്ങളില്‍ നല്ല പച്ചപ്പുണ്ടാവും എന്നുള്ളതു വാസ്ഥവം !.

കാട്ടിലെ ജീവിതം കണ്ട് അസൂയപ്പെടാന്‍ വരട്ടെ, ഈ ആനക്കുട്ടിയെ കണ്ടോ, ഏതാണ്ട് രണ്ടാഴ്ച്ചമുമ്പ് പെരിയാര്‍ റിസര്‍വ്വിലെ കടുവയുടെ ആക്രമണത്തിനിരയായ ഒരാനക്കുട്ടിയാണിത്, സാധാരണയായി ആനക്കുട്ടികള്‍ ഇതരം ആക്രമണങ്ങളെ അതിജീവിക്കാറില്ലത്രെ, പക്ഷെ ഇവന്റെ കാര്യത്തില്‍ മറിച്ചാകുമെന്നു തോന്നുന്നു.തലയ്കുള്ള പരിക്കിനേക്കാള്‍ കുഴപ്പമുണ്ടാക്കുക വലത്തെ പിന്‍ കാലിലെ പരിക്കാകുമെന്നാണ് വിദഗ്ധ അഭിപ്രായം, ആ വശപ്പിശക് കണ്ടില്ലേ ?, നാട്ടിലായിരുന്നേല്‍ കടുവയ്ക്കെതിരെ ‘ബാലപീഡനം, കൊലപാതക ശ്രമം..’ എന്നൊക്കെപ്പറഞ്ഞ് കേസെടുക്കാമായിരുന്നു, കാട്ടിലെ നിയമം വേറെയല്ലെ !
............ദേ, എത്താറായി കെട്ടോ, യാത്ര തുടരുന്നുTuesday, November 13, 2007

മുല്ലപ്പെരിയാറിലേയ്ക്കൊരു യാത്ര - 5

ആ കാട്ടിനകത്തായി ഒരു വീടു കണ്ടോ, അതാണ് ലേയ്ക്ക് പാലസ്, തിരുവിതാംകൂര്‍ രാജാക്കന്മ്മാരുടെ വേനല്‍ക്കാല വസതിയായിരുന്നത്രെ, ഇപ്പോള്‍ കെ.ടി.ഡി.സി. ഏറ്റെടുത്ത് ഹോട്ടല്‍ നടത്തുന്നു, മൂന്നു വശം തേക്കടി ജലാശയത്താലും ഒരു വശം പെരിയാര്‍ കടുവാസങ്കേതത്താലും ചുറ്റപ്പെട്ട ഒരു സുഖവാസകേന്ദ്രം, രാത്രിയില്‍, ഇര തേടുന്ന കടുവകളുടെ മുരള്‍ച്ചകേട്ടും‍ കൂട്ടംതെറ്റി മേയുന്ന ഒറ്റയാന്റെ അലര്‍ച്ചകേട്ടും ഉറങ്ങുവാന്‍ എന്തുരസമായിരിക്കും, അല്ലേ ?, ഓര്‍ത്തിട്ട് കൊതിയായിട്ട് പാടില്ല !
.........യാത്ര തുടരുന്നു

Monday, November 12, 2007

മുല്ലപ്പെരിയാറിലേയ്ക്കൊരു യാത്ര - 4

യാത്ര ബോറടിച്ചോ ?, ഇനിയല്ലേ കഴ്ചകള് വരണത്, ദാണ്ടെ... കട്ടുപോത്തുകള് വെള്ളമടിക്കാന്‍ വന്നേക്കണ്, ഇത്തവണ ഇതുങ്ങള് ഭയങ്കരമായി കൂടിയിട്ടുണ്ടെന്നാണ് ഫോറസ്റ്റിലെ അണ്ണന്മാര് പറയണത്.,
.....യാത്ര തുടരുന്നു

Sunday, November 11, 2007

മുല്ലപ്പെരിയാറിലേയ്ക്കൊരു യാത്ര - 3

യാത്ര തുടരുന്നു, സുന്ദരന്‍ തീരങ്ങള്‍ കണ്ട്......

മുല്ലപ്പെരിയാറിലേയ്ക്കൊരു യാത്ര - 2


യാത്ര തുടരുന്നു, തേക്കടി ജലാശയത്തിലൂടെ, ഉയര്‍ന്നുനില്‍ക്കുന്ന മരക്കൊമ്പുകളെല്ലാം കണ്ട്.....

Friday, November 9, 2007

മുല്ലപ്പെരിയാറിലേയ്ക്കൊരു യാത്ര 1കോട്ടയത്തുനിന്ന് പാലാ, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, വണ്ടിപ്പെരിയാര്‍ വഴി കുമളിയിലേയ്ക്കെത്താം, കുമളിയില്‍ നിന്നു തേക്കടിയിലേയ്ക്ക്, തേക്കടി ബോട്ട്ലാന്റിങ്ങില്‍ നിന്നു ബോട്ടു മാര്‍ഗ്ഗം മുല്ലപ്പെരിയാറിലേയ്ക്ക്, മുല്ലയാറും പെരിയാറും സംഗമിച്ചൊഴുകുന്ന മുല്ലപ്പെരിയാറിലേയ്ക്ക് !! ......

Blog Archive